ബഹ്‌റൈൻ സർക്കാർ ആശുപത്രികളിൽ പ്രവാസികളിൽ നിന്ന് 40 ലക്ഷം ദീനാർ ചികിത്സാ ഫീസ് ലഭിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലും ചികിത്സ തേടിയ പ്രവാസി രോഗികളിൽ നിന്നായി ഏകദേശം 40 ലക്ഷം ദീനാർ ഫീസായി ഈടാക്കിയതായി ആരോഗ്യ മന്ത്രാലയം. 2023 ജനുവരി മുതൽ കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ ഉദ്ധരിച്ച് ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയ്യിദാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്ററി സമിതി അധ്യക്ഷൻ മഹ്മൂദ് ഫർദാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

കൃത്യമായ കണക്കുകൾ പ്രകാരം 3,987,988 ദീനാറാണ് പ്രവാസികളിൽ നിന്നുള്ള ചികിത്സാ വരുമാനമായി ലഭിച്ചത്. ഇതിൽ സിംഹഭാഗവും സർക്കാർ ആശുപത്രികളിൽ നിന്നാണ് സമാഹരിച്ചത്. 2023 ജനുവരി മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ ആശുപത്രി സന്ദർശിച്ച വിദേശികളിൽ നിന്ന് 3,518,787 ദീനാർ ലഭിച്ചപ്പോൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ വഴി 469,201 ദീനാറാണ് ഈടാക്കിയത്. ഈ കാലയളവിൽ മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തിലധികം പ്രവാസികൾ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളെയും അത്യാഹിത വിഭാഗങ്ങളെയും ആശ്രയിച്ചിട്ടുണ്ട്.

ചികിത്സാ ഫീസ് ഈടാക്കുമ്പോഴും വലിയൊരു വിഭാഗം പ്രവാസികൾക്ക് ബഹ്‌റൈൻ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ 2,58,765 പേർക്കാണ് ഇത്തരത്തിൽ ഇളവുകൾ ലഭിച്ചത്. ബഹ്‌റൈൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾ, ബഹ്‌റൈനി വനിതകളുടെ വിദേശികളായ മക്കൾ, ജിസിസി പൗരന്മാർ, ജയിലുകളിൽ കഴിയുന്നവർ എന്നിവർക്ക് പുറമെ സിവിൽ സർവീസ് നിയമത്തിന് കീഴിലുള്ള സർക്കാർ ജീവനക്കാർക്കും കുടുംബത്തിനും ചികിത്സാ ഇളവുകൾക്ക് അർഹതയുണ്ട്.

കൂടാതെ, ബഹ്‌റൈനികളായ ഭർത്താക്കന്മാർ മരിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്ത വിദേശി സ്ത്രീകൾക്കും പാസ്‌പോർട്ട് ലഭിച്ചിട്ടില്ലാത്ത രണ്ട് മാസം വരെ പ്രായമുള്ള നവജാത ശിശുക്കൾക്കും സൗജന്യ ചികിത്സ നൽകുന്നുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ, അർഹരായവർക്ക് നീതിയുക്തമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് ബഹ്‌റൈന്റെ നയമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മാനുഷികവും നിയമപരവുമായ വശങ്ങൾ പരിഗണിച്ചുള്ള ഈ ഇളവുകൾ രാജ്യത്തിന്റെ ആരോഗ്യരംഗത്തെ മികവിനെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അവർ പറഞ്ഞു.

article-image

hjfhjf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed