ബഹ്‌റൈനിൽ തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചക്കിടെ 126 പ്രവാസികളെ നാടുകടത്തി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നടത്തിവരുന്ന വ്യാപക പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 126 പ്രവാസികളെ നാടുകടത്തി. ഫെബ്രുവരി 8 മുതൽ 14 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം 1,306 പരിശോധനകളും 30 സംയുക്ത ക്യാമ്പയിനുകളുമാണ് അധികൃതർ സംഘടിപ്പിച്ചത്. പരിശോധനകളിൽ 27 പുതിയ നിയമലംഘനങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്.
വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വിവിധ ഗവർണറേറ്റുകളിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. ഏറ്റവും കൂടുതൽ സംയുക്ത ക്യാമ്പയിനുകൾ നടന്നത് ക്യാപിറ്റൽ ഗവർണറേറ്റിലാണ്. ഇവിടെ 10 കാംപെയിനുകൾ നടന്നപ്പോൾ, നോർത്തേൺ ഗവർണറേറ്റിൽ എട്ടും, സതേൺ ഗവർണറേറ്റിൽ ഏഴും, മുഹറഖ് ഗവർണറേറ്റിൽ അഞ്ചും വീതം പരിശോധനകൾ പൂർത്തിയാക്കി. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, വിവിധ ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകൾ, ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് മന്ത്രാലയം തുടങ്ങിയ ഏജൻസികളുമായി സഹകരിച്ചാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്.
2024 ജനുവരി മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 1,24,177 പരിശോധനകളും 1,966 സംയുക്ത ക്യാമ്പയിനുകളുമാണ് നടന്നത്. ഇതിലൂടെ 3,814 പേരെ നിയമലംഘനത്തിന് തടഞ്ഞുവെക്കുകയും 13,039 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. തൊഴിൽ വിപണിയുടെ സുസ്ഥിരതയെയും മത്സരക്ഷമതയെയും ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി.
തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അത് അധികൃതരെ അറിയിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. എൽ.എം.ആർ.എ വെബ്‌സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ, 17506055 എന്ന കോൾ സെന്റർ നമ്പറിലോ, ഗവൺമെന്റ് പരാതി പരിഹാര സംവിധാനമായ 'തവാസുൽ' വഴിയോ വിവരങ്ങൾ കൈമാറാവുന്നതാണ്.
gdsfgd


