റമദാൻ വിരുന്നുകൾക്ക് ഒരുങ്ങി എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ; പതിനായിരം പേർക്ക് ഒരേസമയം ഭക്ഷണം നൽകാം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
സഖീർ: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മേഖലയിലെ പ്രമുഖ പ്രദർശന കേന്ദ്രമായ എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ. കോർപ്പറേറ്റ് ഇഫ്താർ, ഗബ്ഗ (Ghabga) സംഗമങ്ങൾക്കായി വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് വൻതോതിലുള്ള സജ്ജീകരണങ്ങളാണ് ഇത്തവണ സഖീറിൽ ഒരുക്കിയിരിക്കുന്നത്.
ചെറുതും വലുതുമായ ഒത്തുചേരലുകൾക്കായി വൈവിധ്യമാർന്ന ഹാളുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. 300 അതിഥികൾക്ക് വരെ ഇരിക്കാവുന്ന പ്രീ-ഫങ്ക്ഷൻ ഏരിയകൾ മുതൽ 2,000 പേരെ ഉൾക്കൊള്ളുന്ന ഗ്രാൻഡ് ഹാൾ വരെ ഇതിൽ ഉൾപ്പെടുന്നു. റമദാൻ മാസത്തിന്റെ തനിമയും പാരമ്പര്യവും ഒത്തുചേരുന്ന രീതിയിലുള്ള മനോഹരമായ അലങ്കാരങ്ങളാണ് അതിഥികളെ വരവേൽക്കാനായി ഹാളുകളിൽ ഒരുക്കിയിട്ടുള്ളത്.
ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ വാണിജ്യ അടുക്കളകളിലൊന്നായ 3,600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇൻ-ഹൗസ് കാറ്ററിംഗ് സൗകര്യമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പരമ്പരാഗത ബഹ്‌റൈനി, അറബിക് വിഭവങ്ങൾ മുതൽ മെഡിറ്ററേനിയൻ, ഏഷ്യൻ, ഇന്റർനാഷണൽ രുചികൾ വരെ ഇവിടെ ലഭ്യമാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും വിളമ്പുന്ന രീതിയിലുമുള്ള പുതുമകൾ വിരുന്നുകളുടെ മാറ്റുകൂട്ടും.
ദിവസേന 10,000 അതിഥികൾക്ക് വരെ ഒരേസമയം മികച്ച സേവനം നൽകാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ അധികൃതർ അറിയിച്ചു. പരിചയസമ്പന്നരായ സർവീസ് ടീമും അത്യാധുനിക പാചകരീതികളും വഴി സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
2026-ലെ പ്രത്യേക കോർപ്പറേറ്റ് റമദാൻ പാക്കേജുകൾ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ലക്ഷ്യസ്ഥാനമായി മാറാനാണ് എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ ശ്രമിക്കുന്നത്. വൻകിട കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒത്തുചേരാൻ ഏറ്റവും അനുയോജ്യമായ കേന്ദ്രമായി സഖീറിലെ ഈ വേദി മാറുമെന്നാണ് എക്സിബിഷൻ വേൾഡ് അധികൃതരുടെ പ്രതീക്ഷ.
gkjgkj


