ബഹ്‌റൈൻ - യുഎഇ യാത്ര സുഗമക്കാൻ 'വൺ സ്റ്റോപ്പ്' സംവിധാനം നിലവിൽ വന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനും യുഎഇയും തമ്മിലുള്ള വിമാനയാത്രകൾ കൂടുതൽ ലളിതമാക്കുന്ന 'സിംഗിൾ പോയിന്റ്' യാത്രാ നടപടിക്രമങ്ങൾക്ക് തുടക്കമായി. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന ബഹ്‌റൈൻ, യുഎഇ പൗരന്മാർക്ക് രണ്ട് വിമാനത്താവളങ്ങളിലും ആവർത്തിച്ചുള്ള പരിശോധനകൾ ഒഴിവാക്കാം. ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഈ ചരിത്രപരമായ നീക്കത്തെ സ്വാഗതം ചെയ്തു.

ജിസിസി രാജ്യങ്ങൾക്കിടയിൽ തടസ്സമില്ലാത്ത യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. ഈ പുതിയ ക്രമീകരണം അനുസരിച്ച്, യാത്രക്കാർ തങ്ങളുടെ യാത്ര ആരംഭിക്കുന്ന വിമാനത്താവളത്തിൽ മാത്രം ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയാൽ മതിയാകും. ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും ഇതേ നടപടിക്രമങ്ങൾക്കായി സമയം ചിലവഴിക്കേണ്ടി വരില്ല എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വിമാനത്താവളങ്ങളിലെ കാത്തുനിൽപ്പ് സമയം ഗണ്യമായി കുറയ്ക്കാനും ഇരു രാജ്യങ്ങൾക്കുമിടയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ ഗൾഫ് എയർ, ഇത്തിഹാദ് എയർവേയ്‌സ് എന്നീ വിമാനക്കമ്പനികളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. കഴിഞ്ഞ നവംബറിൽ കുവൈത്തിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്. ബഹ്‌റൈനിലും യുഎഇയിലും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ സംവിധാനം വിജയകരമാകുന്നതോടെ സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. യൂറോപ്പിലെ 'ഷെങ്കൻ' മാതൃകയിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ ഏകീകൃത വിസ ഏർപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇത് പൂർണ്ണമായി നടപ്പിലാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രകൾ ആഭ്യന്തര വിമാന യാത്രകൾ പോലെ ലളിതമായി മാറും.

article-image

gg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed