കുടുംബപ്പകയുടെ ചോരമണം; ബഹ്‌റൈനിൽ നടന്ന കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബുദയ്യയിൽ പാകിസ്താൻ സ്വദേശിയായ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ അന്താരാഷ്ട്ര തലത്തിൽ നീളുന്ന കുടുംബപ്പകയുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ ഹൈ ക്രിമിനൽ കോടതിയിൽ പുറത്തുവന്നു. വെറും 20 സെക്കൻഡിനുള്ളിൽ ഒരു മനുഷ്യജീവൻ കത്തിയെടുത്ത് കവർന്നെടുത്ത പ്രതികൾ, ഇതേ പകയുടെ പേരിൽ ഇയാളുടെ മറ്റൊരു സഹോദരനെ യൂറോപ്പിൽ വെച്ചും വധിച്ചിരുന്നതായാണ് മരിച്ചവരുടെ സഹോദരൻ കോടതിയിൽ വെളിപ്പെടുത്തിയത്.
കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നിർണ്ണായക മൊഴി നൽകി. പ്രതികൾ വസീഫ് അഹമ്മദ് എന്നയാളിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് തലയ്ക്കും നെഞ്ചിനും തുടർച്ചയായി കുത്തി. വസീഫ് നിലത്തുവീണ് ചലനമറ്റ ശേഷവും പ്രതികൾ ആക്രമണം തുടർന്നുവെന്നും 20 സെക്കൻഡിനുള്ളിൽ എല്ലാം അവസാനിച്ചുവെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിന് ശേഷം മൂന്ന് മണിക്കൂറിനുള്ളിൽ കിംഗ് ഫഹദ് കോസ്‌വേ വഴി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് 25-ഉം 28-ഉം വയസ്സുള്ള പ്രതികളെ പോലീസ് പിടികൂടിയത്.
അറബ് സ്വദേശിയായ ബാർബർ നൽകിയ മൊഴി കേസിന് കൂടുതൽ വ്യക്തത നൽകി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കരക് ചായ കുടിക്കാൻ ഒരുങ്ങുമ്പോഴാണ് ഇടനാഴിയിൽ നിന്ന് നിലവിളി കേട്ടതെന്ന് ഇയാൾ പറഞ്ഞു. ഓടിച്ചെന്നപ്പോൾ രണ്ട് പേർ വസീഫിനെ ആയുധങ്ങൾ കൊണ്ട് ക്രൂരമായി കുത്തുന്നത് കണ്ടു. താൻ ബഹളം വെച്ചതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. സമീപവാസിയായ ബഹ്‌റൈൻ പൗരനും വസീഫിന്റെ ദയനീയമായ സഹായം അഭ്യർത്ഥിച്ചുള്ള വിളി കേട്ടതായി കോടതിയിൽ അറിയിച്ചു.
കൊല്ലപ്പെട്ട വസീഫിന്റെ സഹോദരനാണ് കോടതയിൽ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകൾ മൊഴിയായി നൽകിയത്. തങ്ങളുടെ നാട്ടിലെ കുടുംബപ്പകയെത്തുടർന്ന് ജീവൻ രക്ഷിക്കാനാണ് വസീഫിനെ ബഹ്‌റൈനിലേക്കും മറ്റൊരു സഹോദരനെ യൂറോപ്പിലേക്കും മാറ്റിയത്. എന്നാൽ പ്രതികൾ തന്റെ ഒരു സഹോദരനെ പിന്തുടർന്ന് യൂറോപ്പിലെത്തി കൊലപ്പെടുത്തിയെന്നും തുടർന്നാണ് ഇവർ ബഹ്റൈനിൽ വന്ന് രണ്ടാമത്തെ സഹോദരനെ കൊന്നതെന്നും ഇയാൾ മൊഴി നൽകി. വസീഫ് മുൻപ് ഒരു കൊലപാതകക്കേസിൽ 12 വർഷം ജയിൽവാസമനുഷ്ഠിച്ചിരുന്നെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികൾ ഇയാളെ കൊന്നത്. സൗദിയിൽ ഉംറ നിർവഹിച്ച് മടങ്ങിയെത്തി അഞ്ചാം ദിവസമാണ് വസീഫ് കൊല്ലപ്പെട്ടത്.
പ്രതികൾ ഏകദേശം രണ്ട് മാസത്തോളം വസീഫിനെ നിരീക്ഷിക്കുകയും അയാളുടെ ചലനങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇതിനായി പ്രത്യേകമായി വാങ്ങിയതാണെന്നും പ്രോസിക്യൂഷൻ കണ്ടെത്തി. മരണം ഉറപ്പാക്കുന്ന തരത്തിൽ ശരീരത്തിന്റെ മുകൾഭാഗത്താണ് മാരകമായ മുറിവുകൾ ഏറ്റിട്ടുള്ളതെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു.


