കോവളത്ത് മദ്യം വാങ്ങി വന്ന വിദേശിയെ തടഞ്ഞ സംഭവത്തിൽ എസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം
കോവളത്ത് മദ്യം വാങ്ങി വന്ന വിദേശിയെ തടഞ്ഞ സംഭവത്തിൽ നടപടി. കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെൻഡ് ചെയ്തു. സിഐയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം വിവാദമായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അദ്ദേഹം ഡിജിപി അനിൽകാന്തിനു നിർദേശം നൽകിയിരുന്നു. മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗർഭാഗ്യകരമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
സർക്കാർ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ചു നടപടി സ്വീകരിക്കും. ടൂറിസ്റ്റുകളോടുള്ള പോലീസിന്‍റെ സമീപനത്തിൽ മാറ്റം വരണം. ഇത്തരം സംഭവങ്ങൾ ടൂറിസം മേഖലയ്ക്കു തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്നു മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീഫനെയാണ് പോലീസ് തടഞ്ഞത്. ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജിൽ പോയി ബിൽ വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. മദ്യം ഒഴുക്കിക്കളഞ്ഞിട്ടു പ്ലാസ്റ്റിക് കുപ്പികൾ അവിടെ ഉപേക്ഷിക്കാതെ തന്‍റെ ബാഗിൽ തിരികെ വച്ച സ്റ്റീഫന്‍റെ ഉത്തരവാദിത്വപൂർണമായ പെരുമാറ്റത്തെ നിരവധിപേർ അഭിനന്ദിച്ചിരുന്നു.