മോഡലുകളുടെ അപകട മരണം: ഹാർ‍ഡ് ഡിസ്‌കിനായി കായലിന്‍റെ അടിത്തട്ട് പരിശോധിക്കും


കൊച്ചി: മോഡലുകളുടെ അപകട മരണത്തിൽ‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് സിറ്റി പോലീസ് കമ്മീഷണർ‍ സി.എച്ച്. നാഗരാജു. കൊച്ചിയിൽ‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. നഷ്ടപ്പെട്ട സിസിടിവി ദൃശ്യങ്ങൾ‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തെളിവുകളെല്ലാം ശേഖരിച്ച ശേഷം കേസിൽ‍ ഉൾ‍‌പ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും നാഗരാജു പറഞ്ഞു. കേസിലെ നിർ‍ണായക തെളിവായ ഹാർ‍ഡ് ഡിസ്‌കിനായി ഫയർ‍ ആൻഡ് റെസ്‌ക്യൂ ടീമിന്‍റെ സ്‌കൂബ സംഘം കായലിൽ‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. കണ്ണങ്ങാട്ട് പാലത്തിന് സമീപം ഇടക്കൊച്ചി കായലിലാണ് തെരച്ചിൽ‍ നടത്തിയത്. അപകടത്തിനുശേഷം ഹോട്ടലിൽ‍നിന്ന് കാണാതായ ഹാർ‍ഡ് ഡിസ്‌ക് ഹോട്ടൽ‍ ഉടമ റോയി ജോസഫ് വയലാട്ടിന്‍റെ നിർ‍ദേശപ്രകാരം കായലിൽ‍ തള്ളിയതായി ജീവനക്കാരന്‍ പോലീസിനു മൊഴി നൽ‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

കായലിൽ‍ മൂന്ന് മുതൽ‍ അഞ്ച് അടി വരെ ചെളി നിറഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തിൽ‍ തെരച്ചിൽ‍ ദുഷ്‌കരമാണെന്ന് സംഘം അറിയിച്ചു. അതേസമയം കോസ്റ്റ് ഗാർഡിന്‍റെ സഹായത്താൽ‍ കായലിന്‍റെ അടിത്തട്ട് പരിശോധിക്കും. പ്രതികളായ വിഷ്ണു കുമാറിനെയും മെൽ‍ബിനെയും സ്ഥലത്തെത്തിച്ചിരുന്നു. ഹാർ‍ഡ് ഡിസ്‌ക് കായലിൽ‍നിന്നു ലഭിച്ചാൽ‍ അതിലെ ദൃശ്യങ്ങൾ‍ വീണ്ടെടുക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ‍ വെള്ളത്തിൽ‍ ഇത്രയധികം ദിവസം കിടന്നത് ഒരുപരിധി വരെ വെല്ലുവിളിയായേക്കുമെന്ന് റിട്രീവിംഗ് വിദഗ്ധർ‍ പറയുന്നു.

You might also like

Most Viewed