സദ്ബുദ്ധി തോന്നിയതിന് കേന്ദ്രത്തിന് നന്ദി; സംസ്ഥാനം കുറച്ചില്ലെങ്കില്‍ പ്രക്ഷോഭം; കെ. സുധാകരന്‍

തിരുവനന്തപുരം: പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ച കേന്ദ്രസർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലായിരുന്നെങ്കിൽ വളരെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരങ്ങളിലേക്കും കേരളം മാത്രമല്ല, ഇന്ത്യ മുഴുവനും പോകുമായിരുന്നു. ഇതിന് തടയിടാൻ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം. കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നില്ലായെങ്കില്‍ പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.