മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ച അപകടം: കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിന്റെ നില ഗുരുതരം


കൊച്ചി: കാർ മീഡിയനിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ആഷിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ആഷിഖ് വെന്റിലേറ്ററിലാണ്.

കാർ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുൾ റഹ്മാന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ മുറിയിലേക്ക് മാറ്റിയെന്ന് എറണാകുളം മെഡിക്കൽ സെന്റർ അധികൃതർ പറഞ്ഞു.

അപകടത്തിൽ മരിച്ച മുൻ മിസ് കേരള, ആറ്റിങ്ങൽ സ്വദേശി അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശ്ശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിൽ പാലാരിവട്ടത്തിനടുത്ത് ഹോളി ഡേ ഇൻ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ഇടതു വശം ചേർന്ന് പോകുകയായിരുന്ന ബൈക്കിലേക്ക് കാറിടിക്കാതെ ഒഴിവാക്കാൻ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

You might also like

  • Straight Forward

Most Viewed