കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 73,977 പേർ‍ പരീക്ഷ എഴുതിയതിൽ‍ 53,031 പേർ‍ യോഗ്യത നേടി. 47629 പേർ‍ റാങ്ക് ലിസ്റ്റിൽ‍ ഉൾ‍പ്പെട്ടു. പരീക്ഷാഫലം cee.kerala.gov.in എന്ന വെബ്സൈറ്റിൽ‍ ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.

എൻജിനിയറിംഗ് വിഭാഗത്തിൽ‍ തൃശൂർ‍ ,വടക്കാഞ്ചേരി സ്വദേശി ഫെയ്സ് ഹാഷിം ഒന്നാം റാങ്ക് നേടി. ഹരിശങ്കർ‍(കോട്ടയം), നയന്‍ കിഷോർ‍ നായർ‍(കൊല്ലം) എന്നിവർ‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ‍ നേടി. ആദ്യ നൂറ് റാങ്കിൽ‍ 78 പേർ‍ ആണ്‍കുട്ടികളും 22 പേർ‍ പെൺകുട്ടികളുമാണ്. ഫാർമസി, ആർക്കിടക്ച്ചർ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.

ഫാർ‍മസി വിഭാഗത്തിൽ‍ തൃശൂർ‍ സ്വദേശി അബ്ദുൽ‍ നാസർ‍ കല്ലായിൽ‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തേജസ്വിനി വിനോദ്(കണ്ണൂർ‍), അക്ഷര ആനന്ദ്(പത്തനംതിട്ട) എന്നിവ രണ്ടും മൂന്നും റാങ്കുകൾ‍ നേടി.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ തന്നെ ഓപ്ഷൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയിരുന്നു. ഈ മാസം ഒന്പത് വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയപരിധി. 25നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നാണ് നിബന്ധന.

You might also like

  • Straight Forward

Most Viewed