നടൻ റിസബാവ അന്തരിച്ചു


 

കൊച്ചി: നടൻ റിസബാവ (55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ മുതൽ നില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും തിളങ്ങി നിന്ന റിസബാവ നാടകത്തിലൂടെയാണ് സിനിമയിൽ എത്തിയത്. സീരിയൽ രംഗത്തും ശ്രദ്ധനേടിയ താരം ഡബ്ബിംഗിലും മികവ് പുലർത്തിയിരുന്നു. ഡബ്ബിംഗിന് സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട്. ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപം ഖേറിന് ശബ്ദം നൽകിയത് മികച്ച പ്രതികരണമുണ്ടാക്കി. ഷാജി കൈലാസ്-രഞ്ജി പണിക്കർ ചിത്രം ഡോ. പശുപതിയിലൂടെയാണ് അദ്ദേഹം മലയാള സിനിമാ ലോകത്തേക്ക് കാൽവയ്പ് നടത്തിയത്. സായികുമാർ ചെയ്യാനിരുന്ന വേഷം അദ്ദേഹത്തിന്‍റെ തിരക്ക് മൂലം അപ്രതീക്ഷിതമായി റിസബാവ എന്ന നടനിലേക്ക് എത്തുകയായിരുന്നു. സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലൻ വേഷമാണ് അദ്ദേഹത്തെ മലയാള സിനിമാലോകത്ത് ശ്രദ്ധാകേന്ദ്രമാക്കിയത്. ഇരിക്കൂ എംഡി അകത്തുണ്ട്, വക്കീൽ വാസുദേവ്, തിരുത്തൽവാദി, മലപ്പുറം ഹാജി മഹാനായ ജോജി, നേരറിയാൻ സിബിഐ, ആനവാൽമോതിരം, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, ഹലോ, കാബൂളിവാല, ചുക്കാൻ, വധു ഡോക്ടറാണ്, തക്ഷശില ഭൂതക്കണ്ണാടി, അനിയൻ ബാവ ചേട്ടൻ ബാവ, ചമ്പക്കുളം തച്ചൻ, നിർണായകം, നസ്രാണി തുടങ്ങിയ 120 ഓളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed