എറണാകുളത്തെ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളത്തെ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ മിൽസ് റോഡിൽ താമസിക്കുന്ന വട്ടപ്പറന്പത്ത് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30) മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണു മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദന്പതികൾ തൂങ്ങി മരിച്ചെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ പറവൂരിലെ വീട്ടിലെത്തിയ സുനിലിന്‍റെ ബന്ധുവാണ് സംഭവം ആദ്യം കണ്ടത്. സുനിലിനെയും ഭാര്യയേയും വീട്ടിലെ രണ്ടു മുറികളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞു പോലീസും നാട്ടുകാരും സ്ഥലത്തെത്തുകയായിരുന്നു.
ജീവനൊടുക്കാനുള്ള യഥാർത്ഥ കാരണം പൊലീസിനും വ്യക്തമല്ല. സാന്പത്തികമായും കുടുംബപരമായും ഇവർക്കു മറ്റു പ്രശ്നങ്ങൾ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അബുദാബിയിൽ ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്നു സുനിൽ. ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും.