കണ്ണൂർ സർവകലാശാല സിലബസ് വിവാദം; സവർക്കറും ഗോൾവാൾക്കറും വായിക്കപ്പെടേണ്ടവരാണെന്ന്


കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ പ്രതികരണവുമായി വൈസ് ചാൻസിലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും വായിക്കപ്പെടേണ്ടവരാണെന്ന് പറഞ്ഞ അദ്ദേഹം സിലബസ് പഠിക്കാൻ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള രണ്ടംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. പ്രൊഫസർ ജയപ്രഭാഷ്, പ്രൊഫസർ പവിത്രൻ എന്നിവരാണ് സമിതിയിൽ ഉള്ളത്. സമിതി നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് ആവശ്യമെങ്കിൽ സിലബസ് മാറ്റും. സിലബസ് മരവിപ്പിച്ചിട്ടില്ല എന്നും കൂട്ടിച്ചേർത്തു. നേരത്തെ, സിലബസ് പിൻവലിക്കില്ലെന്ന് വിസി അറിയിച്ചിരുന്നു. ഈ നിലപാട് പിൻവലിച്ചാണ് പുതിയ വെളിപ്പെടുത്തൽ.

സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്. വർഗീയത സിലബസിൻ്റെ ഭാഗമാകുന്നത് അപകടകരമാണെന്ന് ആർ ബിന്ദു പറഞ്ഞു. വിശദീകരണം ലഭിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കണ്ണൂർ സർവകലാശാല പി.ജി സിലബസ് വിവാദത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ് സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ ഇന്നും രംഗത്തെത്തി. ആർഎസ്എസ് സൈദ്ധാന്തികരുടെ വർഗീയ പരാമർശമുള്ള പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കെ എസ് യു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വിസിയെ വഴിയിൽ തടഞ്ഞു.

എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്‌സിന്റെ സിലബസിലെ മൂന്നാം സെമസ്റ്റർ പിജി കോഴ്സിന്റെ പുതുക്കിയ സിലബസിലാണ് വിവാദ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. സവർകറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൃത്യമായ അജണ്ഡ നിശ്ചയിച്ചുകൊണ്ടാണ് സിലബസ് തയാറാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് ഒരുക്കിയതെന്നും ആരോപണമുണ്ട്.

 

You might also like

Most Viewed