കോഴിക്കോടെ കവർച്ചയ്ക്ക് പിന്നിൽ കുറുവാ സംഘമെന്ന് പഠനം
കോഴിക്കോട്: കോഴിക്കോട് നഗര പരിധിയിലെ കവർച്ചക്ക് പിന്നിൽ കുറുവാസംഘമെന്ന് സംശയം. ചെട്ടികുളത്ത് കത്തിമുനയിൽ വീട്ടമ്മയെ നിർത്തി സ്വർണവും പണവും കവർന്നത് കുറുവാ സംഘമെന്നാണ് പോലീസ് സംശയിക്കുന്നത്. കവർച്ചയ്ക്കിരയായവരുടെ മൊഴിയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നാണ് പോലീസ് കുറുവാസംഘമാണെന്ന നിഗമനത്തിലെത്തിയത്. തമിഴ്കലർന്ന മലയാളമാണ് ഇവർ സംസാരിച്ചതെന്നാണ് മൊഴി. ദേഹത്ത് എണ്ണ പുരട്ടുകയും ചെയ്യുന്നുണ്ട്. സാധാരണ കുറുവാസംഘമാണ് ഇത്തരത്തിൽ ദേഹത്ത് എണ്ണപുരട്ടി മോഷണത്തിനിറങ്ങാറുളളത്. ഈ മാസം ആദ്യം സംസ്ഥാന അതിർത്തിയിൽ ദേശീയ പാതകളിലും വ്യാപാര കേന്ദ്രങ്ങളിലും കവർച്ചയ്ക്കായി കുറുവാസംഘം എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു.
മാരകായുധങ്ങളുമായി നീങ്ങുന്ന മൂന്നംഗ സംഘത്തിന്‍റെ ദൃശ്യങ്ങളും വാളയാർ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. ഇതേ സംഘമാണ് കോഴിക്കോട് എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടാഴ്ച മുന്പാണ് ചെട്ടികുളം കൊളായിൽ ചന്ദ്രകാന്തത്തിൽ വിജയലക്ഷ്മിയുടെ വീടിന്‍റെ പിന്‍വാതിൽ തകർത്ത് മോഷണം നടന്നത്. സമാനരീതിയിൽ മോഷണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ഫിംഗർപ്രിന്‍റ് ബ്യൂറോയുമായി ബന്ധപ്പെട്ട് നിരവധി മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചില്ല. നാടോടിസ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് കുറുവാസംഘമാണെന്ന സംശയമുണ്ടായത്. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടാനാവുമെന്നും പോലീസ് അറിയിച്ചു.


