വിഎസ്സും എകെ ആന്റണിയും ഇക്കുറി വോട്ടു ചെയ്യില്ല
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഇക്കുറി വോട്ടു ചെയ്യുന്നില്ല.അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് വോട്ടുചെയ്യുന്നത് മാറ്റിവെച്ചത്.
ദിവസങ്ങൾക്കു മുൻപേ വിഎസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ചട്ടമനുസരിച്ച് തപാൽ വോട്ട് അനുവദിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. കൊറോണ ബാധിതർ, കോറോണയുമായി ബന്ധപ്പെട്ടു ക്വാറന്റീനിൽ കഴിയുന്നവർ, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമാണു തപാൽ വോട്ട് അനുവദിക്കുന്നത്.
പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്ത് മാറി. പറവൂർ സാന്ത്വനം ബഡ്സ് സ്കൂളിലാണു ബൂത്ത്.
അനാരോഗ്യം കാരണം വിഎസിന് ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടർമാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാൻ കഴിയാത്തതിൽ വിഎസ് അസ്വസ്ഥനാണെന്നും മകൻ അരുൺകുമാർ പറഞ്ഞു. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയും ഇക്കുറി വോട്ട് രേഖപ്പെടുത്തില്ല. കൊവിഡ് രോഗബാധിതനായ ശേഷം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് എ.കെ ആന്റണി. തിരുവനന്തപുരത്തെ ജഗതി സ്‌കൂളിലാണ് എ.കെ ആന്റണിക്ക് വോട്ടുള്ളത്. ഒരു മാസ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.




