ഇന്ത്യക്കും മാലിദ്വീപിനും ഇടയിൽ കാർഗോ ഫെറി സർവീസ് തുടങ്ങി
കൊച്ചി: ഇന്ത്യക്കും മാലിദ്വീപിനും ഇടയിൽ ചിലവുകുറഞ്ഞ ചരക്ക് ഗതാഗതം ലക്ഷ്യമാക്കിയുള്ള കാർഗോ ഫെറി സർവീസിനു കൊച്ചിയിൽ നിന്നു തുടക്കമായി. 200 ടിഇയു, 3000 മെട്രിക് ടണ്‍ ശേഷിയുള്ള കാർഗോ കപ്പൽ സർവീസ് തിങ്കളാഴ്ചയാണ് യാത്ര തുടങ്ങിയത്. വടക്കന്‍ മാലിദ്വീപിലെ കുൽഹുദുഫുഷി തുറമുഖത്തേക്കാണ് യാത്ര. ഈ മാസം 26ന് അവിടെ എത്തിയ ശേഷം 29ന് മാലി തുറമുഖത്തെത്തും.
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് സർവീസ് നടത്തുന്നത്. മാസത്തിൽ രണ്ടു തവണയാണ് സർവീസ്. കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മനുഷ്‌ക് മണ്‍ഡവ്യയും മാലദ്വീപ് സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ഐഷത് നഹുലയും സംയുക്തമായി ഓൺലൈനിലൂടെയാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയും മാലിദ്വീപും തമ്മിലെ ബന്ധത്തിൽ മറ്റൊരു നാഴികക്കല്ലാണ് ഫെറി സർവീസെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം മാലിദ്വീപ് സന്ദർശിക്കുന്നതിനിടെ കാർഗോ ഫെറി സർവീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു.
