നിയമസഭയിലെ കയ്യാങ്കളി: കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി

തിരുവനന്തപുരം: നിയമസഭയിൽ നടന്ന കൈയാങ്കളിയിൽ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. അടുത്ത മാസം 15−ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം.
പൊതുമുതൽ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്ന കേസാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയത്. ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം.ടി.തോമസ്, പീറ്റർ മയിലിപറന്പിൽ എന്നിവർ ഹർജി നൽകിയിരുന്നു.
വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവൻ കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹർജി നൽകിയിരുന്നു.