കെ.ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഇ.ഡി


 

കൊച്ചി: നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും. മന്ത്രിയുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് കൈമാറിയെന്നാണ് വിവരം. കൂടാതെ ലൈഫ് മിഷൻ വിവാദത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകനും അന്വേഷണ പരിധിയിലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ.
മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് തുടർച്ചയായി രണ്ട് ദിവസമാണെന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30 മുതൽ രാത്രി 11.30 വരെയായിരുന്നു ആദ്യ ഘട്ട ചോദ്യം ചെയ്യൽ. പിന്നീട് തൊട്ടടുത്ത ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.40 വരെയും ചോദ്യം ചെയ്തു. നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ എത്തിച്ച് വിതരണം ചെയ്തത് കൂടാതെ മന്ത്രിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. വരവിൽ കൂടുതൽ സ്വത്ത് മന്ത്രി സമ്പാദിച്ചിട്ടുണ്ടോയെന്നാണ് എൻഫോഴ്‌സ്‌മെന്റ് അറിയാൻ ശ്രമിച്ചത്.
മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.

You might also like

  • Straight Forward

Most Viewed