സ്വർണ്ണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ 2000 ജിബി: പ്രതികളുടെ വാട്സ്ആപ് ചാറ്റുകൾ അടക്കം വീണ്ടെടുത്ത് എൻഐഎ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ ഡിജിറ്റൽ തെളിവുകൾ 2000 ജിബി ഉണ്ടെന്ന് എൻഐഎ. ഡിജിറ്റൽ രേഖകൾ പ്രതികൾക്ക് എതിരായ ശക്തമായ തെളിവുകളാണ്. സ്വപ്നയുടെയും സന്ദീപിന്റെയും ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്നാണ് തെളിവുകൾ വീണ്ടെടുത്തത്. വാട്സ്ആപ് ചാറ്റുകൾ അടക്കം വീണ്ടെടുത്തെന്നും എൻഐഎ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കേസിലെ പ്രതികളെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. സ്വപ്ന സുരേഷ്, മുഹമ്മദ് അൻവർ ഒഴികെയുള്ള നാല് പ്രതികളെ ആണ് കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെ ആണ് കസ്റ്റഡി. പ്രതികളുടെ ഫോൺ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായാണ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയത്.
