നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് യാത്രക്കാർ എത്തിത്തുടങ്ങി: സമാജം മുൻഗണന നൽകുന്നത് വിസാകാലാവധി തീരാറായവർക്ക്
മനാമ: എയർ ബബിൾ കരാർ നിലവിൽ വന്നതോടെ നാട്ടിൽ നിന്ന് ഷെഡ്യൂൾ പ്രകാരം ആരംഭിച്ച വിമാനങ്ങളിൽ യാത്രക്കാർ ബഹ്റൈനിലെത്തി തുടങ്ങി. കരാർ നിലവിൽ വന്നതിന് ശേഷം ഇന്നലെ ചെന്നൈയിൽ നിന്നായിരുന്നു ആദ്യ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമെത്തിയത്. നാളെ കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈനിലേയ്ക്കെത്തും. അതേസമയം ഗൾഫ് എയർ വിമാനങ്ങൾ ഇന്ന് മുതൽക്കാണ് സർവീസുകൾ ആരംഭിച്ചത്.
ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്നാണ് ബഹ്റൈനിലേയ്ക്ക് വരുന്നത്. ബഹ്റൈൻ കേരളീയ സമാജത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവരിൽ നിന്നും വിസാകാലാവധി തീരാറായവർക്ക് പ്രത്യേകപരിഗണന നൽകിയാണ് ഈ വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കിയതെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള അറിയിച്ചു. വരുന്ന സർവീസുകളിലും സമാജത്തിൽ ബുക്ക് ചെയ്തവരിൽ വിസാകാലവധി തീരാറായവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം ട്രാവൽ ഏജൻസി വഴിയോ ഓൺലൈൻ വഴിയോ വിസാകാലാവധി തീരാറായവർക്ക് മാത്രമായി പ്രത്യേക പരിഗണ നൽകുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അതോടൊപ്പം എയർ ബബിൾ കരാർ നിലവിൽ വന്നതിന് ശേഷം ടിക്കറ്റുകളുടെ ബുക്കിങ്ങ് സമാജം എടുക്കുന്നിലെന്നും, ഇനി അത് ട്രാവൽ ഏജൻസി
കൾ തന്നെ ചെയ്യുന്ന കാര്യമായിരിക്കുമെന്നും സമാജം പ്രസിഡണ്ട് ഉറപ്പ് നൽകി. അതേസമയം ബബിൾ കരാർ വന്നതിന് ശേഷം ടിക്കറ്റ് നിരക്ക് വർദ്ധിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 350ഓളം പേരെയാണ് സമാജം സൗജന്യമായി കോവിഡ് സമയത്ത് സമാജത്തിന്റെ നേതൃത്വത്തിൽ നാട്ടിലേയ്ക്ക് എത്തിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
