മത്തായിയുടേത് മുങ്ങിമരണം; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പത്തനംത്തിട്ട: വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചെന്ന് ആരോപിച്ചാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകം സ്വന്തം ഫാമിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
ശരീരത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകൾ ഇല്ല. കൈ ഒടിയുകയും തലയുടെ ഇടത് ഭാഗത്ത് ചതവും ഉണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം. ആരോപണ വിധേയരായ ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിലാണ്. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത നടപടികളിലെ ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു.