പൊലീസുകാരൻ ജീവനൊടുക്കിയത് ജാതിവിവേചനം മൂലം: ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
പാലക്കാട്: പാലക്കാട് കല്ലേക്കാട് എ.ആർ ക്യാന്പിലെ മരണപ്പെട്ട സിവിൽ പൊലീസ് ഓഫീസർ കുമാറിന്‍റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തിൽ പറയുന്നതായാണ് വിവരം. താൻ ആദിവാസി വിഭാഗത്തിൽപ്പെട്ടയാളായതിനാൽ നിരന്തരം അവഹേളനവും പീഡനവും നേരിടേണ്ടി വന്നതായി ആത്മഹത്യക്കുറിപ്പിൽ കുമാർ പറയുന്നു. മേലുദ്യോഗസ്ഥരായ രണ്ട് പേരുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ക്യാന്പിൽ കഠിനമായ ജോലികൾ ചെയ്യേണ്ടി വന്നെന്നും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിച്ചതിൽ മേലുദ്യോഗസ്ഥർ ക്രമക്കേട് കാണിച്ചതായും ആത്മഹത്യക്കുറിപ്പിൽ കുമാർ പറയുന്നു.
കുമാറിന്‍റെ ഭാര്യയുടെ പരാതിയിൽ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് ഒറ്റപ്പാലം സി.ഐ ഉടനെ കത്തിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകും എന്നാണ് വിവരം. തുടർന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും ചേർത്ത് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് തൃശൂർ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറും.

