ദേശീയപാത വികസനം: കേരളത്തിനെ മുൻഗണനാ പട്ടികയിൽ നിന്നും മാറ്റിയ ഉത്തരവ് റദ്ദാക്കി


 

തിരുവനന്തപുരം: ദേശീയ പാത വികസനത്തിൽ കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. ദേശീയ പാത വികസനത്തിന്‍റെ മുൻഗണനാക്രമത്തിൽ കേരളത്തെ രണ്ടാം പട്ടികയിലേക്ക് മാറ്റിയത് ഒഴിവാക്കണമെന്ന ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. കാസർഗോഡ് ഒഴികെ ഉള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെ നടപടിയാണ് ഒഴിവാക്കിയത്. 

കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തെഴുതുകയും ജൂൺ 15−ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. കേരളത്തിന്‍റെ മുൻഗണനാക്രമം മാറ്റി ഇറക്കിയ ഉത്തരവ് റദ്ദാക്കുമെന്ന് ഗഡ്കരി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് ഔദ്യോഗികമായി സംസ്ഥാന സർക്കിരിന് ലഭിച്ചു. അടിയന്തരമായി ഡി.പി.ആർ തയ്യാറാക്കാനും, ഭൂമി എറ്റെടുക്കൽ, പണ വിതരണം എന്നിവ ആരംഭിക്കാനും നിർ‍ദ്ദേശമുണ്ട്. കേരളത്തിൽ ഭൂമി വില കൂടുതലായതിനാൽ ഏറ്റെടുക്കുന്ന ഭൂമിക്കായി 5000 കോടി രൂപയോളം സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ‍ ഇതേക്കുറിച്ച് വ്യക്തതയില്ല.

കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed