കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടാൻ പദ്ധതി: മൂന്നാം ഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
ഷീബ വിജയൻ
കൊച്ചി: കൊച്ചി മെട്രോ ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാം ഘട്ട വിശദ പദ്ധതിരേഖ (ഡിപിആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സർക്കാരിന് സമർപ്പിച്ചു. ആലുവയിൽ നിന്ന് ആരംഭിച്ച് കരിയാട്, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അങ്കമാലി വരെയുള്ള 17.5 കിലോമീറ്റർ പാതയ്ക്കുള്ള പദ്ധതിരേഖയാണ് കൈമാറിയത്. നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള 27 കിലോമീറ്റർ പാതയിലാണ് മെട്രോ സർവീസ് നടത്തുന്നത്.
അതേസമയം, കലൂർ സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ നീളുന്ന രണ്ടാം ഘട്ട പിങ്ക് ലൈൻ നിർമാണം പുരോഗമിക്കുകയാണ്. 2019 ഫെബ്രുവരിയിൽ കേന്ദ്രാനുമതി ലഭിച്ച പദ്ധതിക്ക് 2022 സെപ്റ്റംബറിലാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 1,957 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ വായ്പയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിഹിതവും ഉൾപ്പെടുന്നു.
ഭൂമി ഏറ്റെടുക്കലിലെ നിയമതടസ്സങ്ങളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും കെഎസ്ഇബി പവർ കേബിളുകളും മാറ്റിസ്ഥാപിക്കുന്നതിലെ വൈകലും കാരണം നിർമാണം നിശ്ചിത സമയപരിധിയിൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ തടസ്സങ്ങൾ നീക്കി പൈപ്പിംഗ് മാറ്റിസ്ഥാപിക്കലും പൈലിംഗും അവസാനഘട്ടത്തിലാണ്. പൈലിംഗ് ജോലികൾ 85 ശതമാനവും പൂർത്തിയായിട്ടുണ്ട്.
റോഡിലെ നിർമാണപ്രവർത്തനങ്ങൾ മൂലം നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നിർമാണപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയ സാഹചര്യത്തിൽ 2027 ജൂണോടെ പാത നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ രണ്ടാം ഘട്ട സർവീസ് കമ്മീഷൻ ചെയ്യാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.
aa

