കോട്ടയം പൂത്തിളപ്പിൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു; പകൽ സമയം നോക്കി വൻ കവർച്ച
ഷീബ വിജയൻ
കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പട്ടാപ്പകൽ മോഷണം നടന്നത്. കുട്ടികളുടെ ആഭരണങ്ങൾ അടക്കം വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് കവർച്ച നടത്തിയത്. തിരികെ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. എന്നാൽ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ നഷ്ടമായില്ല.
സംഭവത്തിൽ പള്ളിക്കത്തോടു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് സമാന രീതിയിൽ മോഷണം നടത്തിയവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
aa

