21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി; ഇടുക്കി മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം
ഷീബ വിജയൻ
ഇടുക്കി: ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി ഇടുക്കി മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം. ഭൂമിയാംകുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ ഒയിന്റ്മെന്റ് ഫാർമസിയിൽ നിന്നും നൽകിയത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾ ഇടുക്കി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകി.
ജലദോഷവും സ്കിൻ ഇൻഫെക്ഷനുമായാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം വാങ്ങിയ മരുന്ന് പരിശോധിച്ചപ്പോഴാണ് ഈ ഗുരുതര അനാസ്ഥ ശ്രദ്ധയിൽപെട്ടതെന്നും സോബിൻ പറഞ്ഞു. 2024 ജൂണിൽ ഉൽപ്പാദിപ്പിച്ച മരുന്നിന് രണ്ടു വർഷത്തെ കാലാവധിയാണ് രേഖപ്പെടുത്തിയിരുന്നത്. കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തോളമായ മരുന്നാണ് കുഞ്ഞിനായി നൽകിയത്. വീട്ടിലെത്തി പരിശോധിച്ചതുകൊണ്ട് മാത്രമാണ് മരുന്ന് ഉപയോഗിക്കാതിരുന്നതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഫാർമസി അധികൃതർക്ക് മെഡിക്കൽ കോളജ് സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
swasaasdsd

