ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ബോട്ടിങ് നടത്താമെന്ന് പറഞ്ഞെന്ന് മൊഴി


തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് വൈകുന്നതിനിടെ, പൊലീസിനു പിടിവള്ളിയായി നിർണായക മൊഴി. ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ലിഗയെ കോവളത്തെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് കസ്റ്റഡിയിലുള്ളവരിൽ ഒരാൾ മൊഴി നൽകി. ലിഗയെ കണ്ടൽക്കാട്ടിലെത്തിച്ചയാളെ തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവാകും. പ്രതികൾ എന്നു സംശയിക്കുന്ന ആറുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തൂ.

അതിനിടെ, കസ്റ്റഡിയിലെടുത്ത ചിലരെ ഭീഷണിയെത്തുടർന്നു പൊലീസിനു വിട്ടയയ്ക്കേണ്ടി വന്നു. തങ്ങളുടെ പ്രവർത്തകരെ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ഭീഷണി. കൊലയിൽ പങ്കുണ്ടെന്നു സംശയിക്കുന്ന പലരെയും ഒന്നിലേറെ ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കുകയും അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ ഇവരുമായി തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഭീഷണിപ്പെടുത്തിയ സംഘത്തിന്റെ കൈവശം ലഭിച്ചതാണു പൊലീസിനെ വെട്ടിലാക്കിയത്.

സംഭവത്തിനു ദൃക്സാക്ഷികളായ ചിലർ സത്യം പറയാൻ മടിക്കുന്നതും ഭീഷണി ഭയന്നാണെന്നും സൂചനയുണ്ട്. മരിച്ചതു ലിഗയാണെന്നു ഡിഎൻഎ പരിശോധനയിലും കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലമാണു വൈകുന്നത്. ഒരു മാസം പഴകിയ മൃതശരീരത്തിന്റെ പരിശോധന ആയതിനാലാണു റിപ്പോർട്ട് വൈകുന്നതെന്നു പൊലീസ് പറഞ്ഞു.

വിഷാംശം ശരീരത്തിലുണ്ടോയെന്നും ലൈംഗികാതിക്രമമുണ്ടായോ എന്നുമാണ് ഇനി അറിയേണ്ടത്. ഇതെല്ലം ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. മാനഭംഗശ്രമം ചെറുത്തതിനെ തുടർന്നുണ്ടായ ബലപ്രയോഗമാണു മരണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. എന്നാൽ, ലിഗ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എങ്ങനെ എത്തിയെന്നും ആരാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. പഠിപ്പിച്ചു വിട്ടതു പോലെയാണു കസ്റ്റഡിയിലുള്ളവർ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്. കണ്ടൽക്കാട്ടിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങളും മുടി ഉൾപ്പെടെ തെളിവുകളും കസ്റ്റഡിയിൽ ഉളളവരുടേതാണെന്നു തെളിഞ്ഞാലുടൻ അറസ്റ്റ് എന്നാണു പൊലീസ് പറയുന്നത്.

ഇവിടെ നിന്നു ലഭിച്ച തലമുടിയും വിരലടയാളങ്ങളും ഫൊറൻസിക് വിഭാഗം പരിശോധിക്കുകയാണ്. വിട്ടച്ചയവരിൽ ചിലരുടെ പങ്കിനു തെളിവു ലഭിച്ചാൽ അവരെയും അറസ്റ്റ് ചെയ്തേക്കും. ഇവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed