പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; മുഖ്യമന്ത്രി വി.ഡി. സതീശന് നിർദ്ദേശം നൽകി എ.ഐ.സി.സി
ഷീബ വിജയൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് എ.ഐ.സി.സി ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതല കോൺഗ്രസ് യോഗത്തിലാണ് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിൽ തീരുമാനം കൈക്കൊണ്ടത്.
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ ചെറുക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബദൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. യുവാക്കൾ ബി.ജെ.പി ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ വിദ്യാഭ്യാസ വിചക്ഷണരെ പങ്കെടുപ്പിച്ച് സെമിനാറുകളും പ്രത്യേക പരിശീലനങ്ങളും സംഘടിപ്പിക്കണം.
എന്നാൽ, മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറായതിനാൽ പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. പി.എം ശ്രീയിലൂടെ ലഭിക്കുന്ന കേന്ദ്ര ഫണ്ട് സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്ന് പാർട്ടിയിലെ ഒരു വിഭാഗവും ചൂണ്ടിക്കാട്ടുന്നു. അതേസമയം, മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് പദ്ധതിയോട് ശക്തമായ എതിർപ്പുമുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശം എങ്ങനെ നടപ്പിലാക്കുമെന്നത് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാനാണ് സർക്കാരിന്റെ നീക്കം.
sdfsf

