ശ്രീജിത്ത് വിജയൻ കേസിൽ മാധ്യമ വിലക്കിന് േസ്റ്റ
കൊച്ചി : ചവറ എം.എൽ.എ എൻ വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ വാർത്തകൾ നൽകുന്നതിന് കരുനാഗപ്പള്ളി കോടതി ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി േസ്റ്റ ചെയ്തു. പൊതുചർച്ച വിലക്കിയ ഉത്തരവ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കീഴ്ക്കോടതിയുടെ ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ശ്രീജിത്തിനെതിരായ വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്കോ വാർത്താസമ്മേളനം നടത്തുന്നതിന് മറ്റുകക്ഷികൾക്കോ മുന്നിലുള്ള തടസങ്ങൾ നീങ്ങി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി േസ്റ്റ നിലനിൽക്കും. ജസ്റ്റിസ് കമാൽ പാഷയുടേതാണ് ഉത്തരവ്.
രാഖുൽ കൃഷ്ണനെ ഒന്നാം പ്രതിയും മാധ്യമങ്ങളെ എതിർ കക്ഷികളുമാക്കി ശ്രീജിത്ത് നൽകിയ ഹർജിയിലായിരുന്നു കരുനാഗപ്പള്ളി കോടതിയുടെ നടപടി. മാധ്യമങ്ങളെ ഉപയോഗിച്ചു തന്റെ സൽപ്പേരിന് കളങ്കം വരുത്താൻ രാഖുൽ ശ്രമിക്കുന്നുവെന്ന് ശ്രീജിത്ത് പരാതിയിൽ പറഞ്ഞിരുന്നു. ബിനോയ് കോടിയേരിക്കൊപ്പം സാന്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്നയാളാണ് ശ്രീജിത്ത്. കോടതിയുടെ വാർത്താ വിലക്കിനെ തുടർന്ന് ഇരുവർക്കുമെതിരെ ആരോപണം ഉന്നയിച്ച യു.എ.ഇ പൗരൻ അബ്ദുല്ല അൽ മർസൂഖി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു.
അതേസമയം ബിനോയ് കോടിയേരിക്കും ശ്രീജിത്ത് വിജയനെതിരായ തട്ടിപ്പ് കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിലുന്നയിച്ചു. സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പി അംഗങ്ങളും നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. മാണി ഗ്രൂപ്പ് ഇറങ്ങിപ്പോക്കിൽ നിന്ന് വിട്ടുനിന്നു. ഒരു മണിക്കൂറോളം ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നീണ്ട രൂക്ഷമായ വാഗ്വാദങ്ങൾക്കൊടുവിലായിരുന്നു ഇറങ്ങിപ്പോക്ക്.
ബിനോയിക്കെതിരായ കേസ് അന്വേഷിക്കാത്തത് സംശയാസ്പദമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച അനിൽ അക്കര പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തിന്റെത് രാഷട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നും ഇതിൽ വിശദീകരണം നൽകിക്കഴിഞ്ഞുവെന്നും മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ചന്തയിൽ പറയേണ്ട കാര്യം സഭയിൽ പറയേണ്ട കാര്യമില്ല. ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും സഭയിലെ ആർക്കും ഇതുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്പ് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകനെതിരെ സമാനമായ ആരോപണം ഉണ്ടായപ്പോൾ സഭയിൽ ചർച്ച ചെയ്തിട്ടില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം നിയമസഭയിൽ ചർച്ച നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരെ മാത്രമല്ല ഇ.പി ജയരാജന്റെ മകനെതിരെയും ആരോപണമുണ്ടെന്ന് പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടി. വാർത്തയുടെ പേരിൽ ചർച്ച നടത്താൻ പാടില്ലെങ്കിൽ സോളാർ കേസിൽ എന്തിനായിരുന്നു നിയമസഭയിൽ ചർച്ച നടത്തിയതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.



