വെള്ളാപ്പള്ളി നടേശന്റെ അയോഗ്യതയ്ക്ക് സ്റ്റേ; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്
ഷീബ വിജയൻ
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലിൽ അന്തിമ വിധി വരുന്നത് വരെ സ്റ്റേ അനുവദിച്ചത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി.
കമ്പനി നിയമ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ നൽകിയത്. അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലായിരുന്നു നേരത്തെ അയോഗ്യത പ്രഖ്യാപിച്ചിരുന്നത്. കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി, മൂന്നു മാസത്തിനകം മറുപടി നൽകാൻ നിർദ്ദേശിച്ചു. ജൂൺ 20-ന് അപ്പീലിൽ വിശദമായ വാദം കേൾക്കും.
അതേസമയം, അപ്പീൽ പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷമായ നിരീക്ഷണങ്ങൾ നടത്തി. ഏഴുവർഷമായി വാർഷിക ജനറൽ ബോഡി വിളിച്ചുചേർക്കാത്തതും റിട്ടേൺ സമർപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയ കോടതി, 2020 മുതൽ ഡയറക്ടർമാരായി തുടരാനാകില്ലല്ലോ എന്നും 2026-ലെ തെരഞ്ഞെടുപ്പിലല്ലേ മത്സരിക്കാനാകൂ എന്നും വാക്കാൽ ചോദിച്ചു. എങ്കിലും അപ്പീലിലെ അന്തിമ വിധി വരുന്നത് വരെ നിലവിലെ ഭാരവാഹികൾക്ക് തുടരാമെന്നതാണ് സ്റ്റേ ഉത്തരവിലൂടെ വ്യക്തമാകുന്നത്.
aefswdsadsa



