മാസപ്പടി കേസ്: സി.എം.ആർ.എല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി; ഇ.ഡി അന്വേഷണം തുടരാം
ശാരിക l കേരളം
കൊച്ചി: മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് (CMRL) കനത്ത തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സി.എം.ആർ.എല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ഇ.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്യാതെ ഇ.ഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സി.എം.ആർ.എല്ലിന്റെ വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിലവിൽ നടക്കുന്ന അന്വേഷണം നിയമപരമാണെന്നും വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ രണ്ട് ആഴ്ചത്തേക്ക് സ്റ്റേ അനുവദിക്കണമെന്ന സി.എം.ആർ.എൽ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്.
dfghfh

