അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണെന്ന് മന്ത്രി കെ മുരളീധരൻ
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും ആശുപത്രി ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സ്ഥലം കയ്യേറി വലിയ ബാനറുകൾ സ്ഥാപിച്ച്, തങ്ങളല്ലാതെ മറ്റാരും ഇവിടെ ഒന്നും ചെയ്യേണ്ട എന്ന രീതിയിലുള്ള ചില സംഘടനകളുടെ നിലപാട് അനുവദിക്കില്ല. ആലപ്പുഴയിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സംഘടനകൾ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ആശുപത്രി വികസന സമിതി (എച്ച്ഡിസി) തീരുമാനമെടുത്തതെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഡിവൈഎഫ്ഐക്കോ സേവാഭാരതിക്കോ സർക്കാരിന്റെ സ്വത്ത് സ്വകാര്യമായി കൈകാര്യം ചെയ്യാനോ മെഡിക്കൽ കോളേജിനുള്ളിൽ ബാനർ കെട്ടാനോ അവകാശമില്ല. രോഗികൾക്ക് മെഡിക്കൽ കോളേജിൽ തന്നെ പരിശോധനാ സൗകര്യങ്ങൾ ഒരുക്കിയതോടെ സമീപത്തെ രണ്ട് സ്വകാര്യ ലാബുകാർക്ക് ഉണ്ടായ തിരിച്ചടിയാണ് ഈ പൊതിച്ചോർ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും, ആശുപത്രികളിൽ രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാർ എതിരല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
dfsdsdfsdsa

