ബലാത്സംഗക്കേസിൽ ജാമ്യം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി
ശാരിക l കേരളം l ആലപ്പുഴ:
ആലപ്പുഴ: ബലാത്സംഗക്കേസിൽ പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി. അറസ്റ്റിലായി പതിനെട്ട് ദിവസങ്ങൾക്ക് ശേഷമാണ് മാവേലിക്കര സബ് ജയിലിൽ നിന്നും അദ്ദേഹം പുറത്തിറങ്ങിയത്. രാഹുൽ പുറത്തിറങ്ങുന്ന സമയത്ത് ജയിലിന് പുറത്ത് യുവമോർച്ച പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാമത്തെ പരാതിയിലാണ് ജനുവരി 14-ന് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്.
ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചിരുന്നത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെയുള്ള പരാതിയിലുള്ളത്. എന്നാൽ ചോദ്യം ചെയ്യലിലുടനീളം ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് രാഹുൽ ആവർത്തിച്ചു.
നേരത്തെ രണ്ട് പീഡനക്കേസുകളിൽ കൂടി രാഹുൽ പ്രതിയായിരുന്നു. ആ കേസുകളിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനിൽക്കെ, അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്നാണ് മൂന്നാമത്തെ കേസിൽ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. റിമാൻഡ് കാലാവധിയും പോലീസ് കസ്റ്റഡിയും പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.
sdfsfdsf


