വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൻ പിൻവലിക്കണം; എസ്.എൻ.ഡി.പി സംരക്ഷണ സമിതി
ശാരിക l കേരളം l കൊച്ചി
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൻ പുരസ്കാരം തിരികെ വാങ്ങണമെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നൂറിലധികം തട്ടിപ്പു കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യം ആദരവ് നൽകുന്നത് പുരസ്കാരങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സമിതി ആരോപിച്ചു.
124 കേസുകളിൽ പ്രതിയായ വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും മുൻപ് പത്മ പുരസ്കാരങ്ങളെ അവഹേളിച്ചുകൊണ്ട് സംസാരിച്ച ഇദ്ദേഹത്തിന് ഈ ആദരവ് നൽകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സമിതി അംഗങ്ങൾ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ആരാണ് വെള്ളാപ്പള്ളിയെ പുരസ്കാരത്തിനായി ശുപാർശ ചെയ്തതെന്നും എത്ര പണം നൽകിയാണ് രാജ്യത്തെ ഇത്തരത്തിൽ അപമാനിച്ചതെന്നും സമിതി ചോദിച്ചു. അവാർഡ് തന്നാൽ വാങ്ങില്ലെന്ന് മുൻപ് പ്രഖ്യാപിച്ച ആളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതിന് പകരം രാജ്യം ആദരിച്ചിരിക്കുകയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
അതേസമയം, തനിക്ക് ലഭിച്ച പത്മഭൂഷൻ സമുദായത്തിനുള്ള അംഗീകാരമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മമ്മൂട്ടിക്ക് അഭിനയത്തിനുള്ള പുരസ്കാരം ലഭിച്ചപ്പോൾ തനിക്ക് ലഭിച്ചത് സംഘടനാ-ക്ഷേമ പ്രവർത്തനങ്ങൾ പരിഗണിച്ചാണെന്നും വിവാദങ്ങൾ എന്നും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം വിവാദങ്ങൾ ഒടുവിൽ പൂമാലകളായി മാറുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
sfsdf


