കെ.എം.സി.സി ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ
മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കെ.എം.സി.സി ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി രണ്ടാമത് അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. അർജുൻ അക്കാദമിയുമായി സഹകരിച്ച് നടത്തിയ ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രവാസികളാണ് പങ്കെടുത്തത്. കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് അസ്‌ലം വടകരയും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ഇസ്‌ഹാഖും ചേർന്ന് ചെസ് കരുക്കൾ നീക്കി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചെസ് മത്സരങ്ങൾക്ക് പുറമെ ചൂരകൊടി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം, ക്വിസ്, വിവിധ കലാപരിപാടികൾ എന്നിവയും പരിപാടിക്ക് മാറ്റുകൂട്ടി.
അണ്ടർ 18 ഫൈഡ് റേറ്റഡ് വിഭാഗത്തിൽ പൃഥ്വി രാജ് പ്രജീഷ് ഒന്നാം സ്ഥാനവും വൈഷ്ണവ് സുമേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓപ്പൺ അണ്ടർ 10 വിഭാഗത്തിൽ ഹൃദിക് ധനജയ ഷെട്ടി ഒന്നാമതായും ജെഫ് ജോർജ്ജ് രണ്ടാമതായും ഫിനിഷ് ചെയ്തു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെളിക്കുളങ്ങര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ, വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
മണ്ഡലം പ്രസിഡന്റ് അഷ്കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം, ട്രഷറർ റഫീഖ് പുളിക്കൂൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ-മണ്ഡലം ഭാരവാഹികളും വനിതാ വിംഗ് പ്രതിനിധികളും പരിപാടിക്ക് നേതൃത്വം നൽകി. ടൂർണമെന്റിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കായിക മനോഭാവത്തോടെ ഉയർന്ന നിലവാരത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ച മണ്ഡലം കമ്മിറ്റിയെ സംസ്ഥാന നേതാക്കൾ അഭിനന്ദിച്ചു.
േ്ി്േി

