ശബരിമല ആടിയ നെയ്യ് വിൽപനയിൽ വൻ ക്രമക്കേട്: 33 പേർക്കെതിരെ വിജിലൻസ് കേസെടുത്തു
ഷീബ വിജയൻ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തർ സമർപ്പിച്ചു ആടിയ ശേഷം ലഭിക്കുന്ന നെയ്യ് വിൽപന നടത്തിയതിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരം എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക പരിശോധനയിൽ 36 ലക്ഷത്തിലധികം രൂപയുടെ തിരിമറി നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ.
നെയ്യ് വിൽപനയുടെ ചുമതലയുണ്ടായിരുന്ന ശാന്തിക്കാരും ജീവനക്കാരും ഉൾപ്പെടെ 33 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിറ്റഴിച്ച നെയ്യിന്റെ തുക ദേവസ്വം അക്കൗണ്ടിൽ കൃത്യമായി അടയ്ക്കാത്തതാണ് കേസിന് ആധാരം. ഏകദേശം 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിൽ 13 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ദേവസ്വം വിജിലൻസും നേരത്തെ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുനിൽകുമാർ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
asddsaadsas

