യു.ഡി.എഫിലേക്ക് ഇല്ലെന്ന് ജോസ് കെ. മാണി; ജോസഫ് വിഭാഗത്തെ കടന്നാക്രമിച്ച് പ്രതികരണം
ഷീബ വിജയ൯
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇടതുമുന്നണി വിടുമെന്ന ചർച്ചകൾ തള്ളി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. തങ്ങളുടെ പാർട്ടി ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയുണ്ടായെന്ന് വിലയിരുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ആരും വെള്ളം കോരാൻ വരേണ്ട" എന്ന് പറഞ്ഞ ജോസ് കെ. മാണി, ജോസഫ് വിഭാഗത്തെ കടന്നാക്രമിച്ചു. "വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിൻ്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്" എന്നും അദ്ദേഹം പരിഹസിച്ചു. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ഇടത് മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇല്ലെന്നാണ് എൽ.ഡി.എഫ്. യോഗത്തിന് ശേഷമുള്ള ജോസ് കെ. മാണിയുടെ പ്രതികരണം.
അതേസമയം, കനത്ത തിരിച്ചടിയുണ്ടായ കേരള കോൺഗ്രസ് (എം)ന് വേണ്ടി യു.ഡി.എഫ്. ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കൾ ജോസ് കെ. മാണിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ യു.ഡി.എഫിലേക്ക് ഇല്ലെന്ന നിലപാടിലാണ് ജോസ് കെ. മാണി. അഞ്ച് കൊല്ലം മുമ്പ് യു.ഡി.എഫ്. അപമാനിച്ച് ഇറക്കി വിട്ടതാണെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ ഓർമ്മപ്പെടുത്തൽ.
DFSADFSADS
