സി.പി.എം. മൂട് താങ്ങികളുടെ പാർട്ടിയായി മാറി; വി.എസ്. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു': കെ.സി. രാജഗോപാലൻ
ഷീബ വിജയ൯
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരൽ ആരോപണത്തിനു പിന്നാലെ നിലപാട് കൂടുതൽ കടുപ്പിച്ച് മുൻ എം.എൽ.എ. കെ.സി. രാജഗോപാലൻ (കെ.സി.ആർ.). സി.പി.എം. മൂട് താങ്ങികളുടെ പാർട്ടിയായി മാറിയെന്നും വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നുവെന്നും കെ.സി.ആർ. തുറന്നടിച്ചു. മൂട് താങ്ങികളുമായി മുന്നോട്ടുപോയാൽ സി.പി.എം. തകരുമെന്നും മെഴുവേലിയിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും കെ.സി. രാജാഗോപാലൻ വ്യക്തമാക്കി.
അതിനിടെ, കെ.സി. രാജഗോപാലനെ വിമർശിച്ചുകൊണ്ട് തിരുവല്ലയിലെ മുതിർന്ന നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ കെ. പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. 'മലർന്നു കിടന്നു തുപ്പരുത്' എന്നാണ് പരിഹാസം. ഒരുകാലത്ത് ജില്ലയിൽ വി.എസ്. പക്ഷത്തായിരുന്ന രാജഗോപാലൻ താൻ ഉൾപ്പെടെ പലരെയും വെട്ടിയൊതുക്കി എന്നും അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. പ്രകാശ് ബാബുവിനെ വെട്ടി നിരത്തിയിരുന്നുവെന്ന് കെ.സി.ആർ. സമ്മതിച്ചെങ്കിലും അതിൻ്റെ കാരണവും അദ്ദേഹം വ്യക്തമാക്കി.
കാലുവാരൽ കൊണ്ടാണ് താൻ തോറ്റതെന്നും മെഴുവേലി പഞ്ചായത്ത് ഉൾപ്പെടെ ഇടതുമുന്നണിക്ക് നഷ്ടമായതെന്നുമുള്ള കെ.സി.ആറിൻ്റെ വാദത്തെ കോൺഗ്രസും പരിഹസിച്ചു. ഇനി പരസ്യ പ്രതികരണത്തിൽ പാർട്ടി വിശദീകരണം ചോദിച്ചാൽ അതിനു മറുപടിയായി എല്ലാം പറയാനാണ് കെ.സി.ആറിൻ്റെ തീരുമാനം. അതേസമയം, മുതിർന്ന നേതാവിനെ കൂടുതൽ പ്രകോപിപ്പിക്കാതെയുള്ള അടവ് നയമാണ് സി.പി.എം. നേതൃത്വം സ്വീകരിക്കുന്നത്.
DFSDFSDFS
