കമ്യൂണിസ്റ്റുകാരനിൽ നിന്ന് ബൂർഷ്വാസിയിലേക്കുള്ള യാത്രയിലാണ് പിണറായി വിജയൻ': വി.ഡി. സതീശൻ
ഷീബ വിജയ൯
തിരുവനന്തപുരം: കമ്യൂണിസ്റ്റുകാരനിൽ നിന്ന് ബൂർഷ്വാസിയിലേക്കുള്ള യാത്രയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയ പ്രീണനമായിരുന്നെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയ പ്രീണനമാണ് സി.പി.എം. നടത്തിയതെന്നും, അവർ കാണിച്ച വർഗീയതയാണ് തോൽവിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തോറ്റിട്ടും സി.പി.എം. ജനങ്ങളോട് അപമര്യാദയോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു.
ടീം യു.ഡി.എഫ്. ഒത്തൊരുമിച്ചത് തന്നെയാണ് വിജയത്തിൻ്റെ പ്രധാന ഘടകം. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇടതു സഹയാത്രികർ ഇത്തവണ യു.ഡി.എഫിനൊപ്പം ചേർന്നുവെന്നാണ് കരുതുന്നതെന്നും സതീശൻ പറഞ്ഞു. മുനമ്പം വിഷയം രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷമാക്കി മാറ്റാനുള്ള ബി.ജെ.പി. ശ്രമം സമുദായ സംഘടനകളെ ചേർത്തുപിടിച്ചുകൊണ്ടാണ് യു.ഡി.എഫ്. പരിഹരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മലബാറിലും മധ്യകേരളത്തിലും യു.ഡി.എഫ്. തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള യു.ഡി.എഫിനേക്കാൾ ശക്തമായ യു.ഡി.എഫിനെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കോൺഗ്രസ് നേതാക്കളുടെ ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമായിരുന്നുവെന്നും അത്തരം നിലപാടുകളിൽ ഒരു കാരണവശാലും വെള്ളം ചേർക്കില്ലെന്നും സതീശൻ വ്യക്തമാക്കി. കോൺഗ്രസിനകത്ത് എല്ലാവർക്കും അഭിപ്രായപ്രകടനം നടത്താൻ സാധ്യതയുള്ളതിനാലാണ് ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത്. എല്ലാത്തിനും വിധേയപ്പെടുന്ന സി.പി.എം. പാർട്ടിയും എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുള്ള കോൺഗ്രസും തമ്മിലുള്ള വ്യത്യാസം അവിടെയാണെന്നും അദ്ദേഹം പറഞ്ഞു.
dsfdfasadss
