ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി, തിരുത്തി മുന്നോട്ട് പോകും; എം.വി. ഗോവിന്ദൻ
ഷീബ വിജയ൯
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ആവശ്യമായ പരിശോധനകൾ നടത്തി തിരുത്തി മുന്നോട്ട് പോകുമെന്നും, തിരുത്തലുകൾ വരുത്തി മുന്നോട്ടുപോയ അനുഭവം എൽ.ഡി.എഫിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫിൻ്റെ അടിത്തറ തകർന്നിട്ടില്ലെന്നും രാഷ്ട്രീയമായ വിധി നിർണയിക്കുന്ന ഏഴ് ജില്ലാ പഞ്ചായത്തുകൾ എൽ.ഡി.എഫിനാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010-ലെ തെരഞ്ഞെടുപ്പിൽ ആറ് ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫ്. വിജയിച്ചതെന്നും മറ്റു കാര്യങ്ങൾ പരിശോധിക്കുമെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയശക്തികളുമായി പരസ്യമായും രഹസ്യമായും നീക്കുപോക്ക് നടത്തിയാണ് യു.ഡി.എഫ്. മത്സരിച്ചതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിനും തിരിച്ച് യു.ഡി.എഫ്. വോട്ടുകൾ ബി.ജെ.പി.ക്കും ലഭിച്ച നിരവധിയിടങ്ങളുണ്ട്. പരവൂർ നഗരസഭയിൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം സേതുമാധവന് പകരം ബി.ജെ.പി. സ്ഥാനാർഥിയാണ് ജയിച്ചത്. ഇത് വോട്ട് മാറ്റം ചെയ്യപ്പെട്ടതിൻ്റെ പ്രധാന ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി നല്ല യോജിപ്പോടെയാണ് യു.ഡി.എഫ്. മത്സരിച്ചത്. ഇത്തരം പ്രചാരണങ്ങൾ യഥാർഥത്തിൽ ബി.ജെ.പി.യേയും സഹായിച്ചു. ബി.ജെ.പിക്ക് തിരുവനന്തപുരം കോർപ്പറേഷൻ ജയിക്കാനായത് ഒഴിച്ചാൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ചിരുന്ന ശബരിമലയുമായി ബന്ധപ്പെട്ട പന്തളം മുനിസിപ്പാലിറ്റിയിൽ ഇത്തവണ എൽ.ഡി.എഫാണ് ജയിച്ചത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി.യുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും എൽ.ഡി.എഫിന് സീറ്റ് വർധിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാർ നൽകിയ സമാനതകളില്ലാത്ത നേട്ടങ്ങൾ എന്തുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണമായില്ല, സംഘടനാപരമായ പോരായ്മകൾ ഉണ്ടായോ എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
assasa
