ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വലിയ ഒരു അറസ്റ്റിന് കേരളം കാത്തിരിക്കുന്നു: വി.ഡി. സതീശൻ
ഷീബ വിജയ൯
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നതെന്നും അറസ്റ്റ് വൈകിപ്പിക്കാൻ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദമുണ്ടാകാമെന്നും സതീശൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡിലേക്ക് എത്തിച്ചതിനു പിന്നിൽ പ്രേരകമായ ഒരാളുണ്ട്, ആ ആളുടെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ. പത്മകുമാറിനെ സി.പി.എം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണെന്നും, പത്മകുമാറിനെ പ്രകോപിപ്പിച്ചാൽ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സി.പി.എമ്മിനുണ്ടെന്നും സതീശൻ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരേ ശക്തമായ നടപടിയാണ് കോൺഗ്രസ് എടുത്തതെന്നും, തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു. ശബരിമല തീർഥാടന ക്രമീകരണങ്ങളിലും ഗുരുതര വീഴ്ചയുണ്ടായെന്നും, ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മസാല ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കുക തന്നെ വേണമെന്നും കോടികളുടെ അഴിമതി ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നും സതീശൻ ആവശ്യപ്പെട്ടു.
sdfdfs

