അട്ടപ്പാടിയിൽ യുവതിയെ ഭർത്താവ് കൊന്ന് വനത്തിൽ കുഴിച്ചുമൂടി

ഷീബ വിജയൻ
പാലക്കാട് I അട്ടപ്പാടിയിൽ യുവതിയെ ഭർത്താവ് കൊന്ന് വനത്തിൽ കുഴിച്ചുമൂടി. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) ആണ് രണ്ടാം ഭർത്താവായ പഴനി(46) കൊലപ്പെടുത്തിയത്. പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് പഴനിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്തറിയുന്നത്. രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. വിറക് ശേഖരിക്കുന്നതിനിടെ തർക്കം ഉണ്ടായെന്നും തുടർന്നു വള്ളിയമ്മയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്നും പഴനി പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് മൃതദേഹം വനത്തിൽ കുഴിച്ചിട്ട ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പഴനി സമ്മതിച്ചു. വള്ളിയമ്മയെ കൊന്നു കുഴിച്ചിട്ടുവെന്ന് പഴനി പറഞ്ഞ സ്ഥലം ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു. പഴനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഇന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ഫോറൻസിക് സംഘത്തിന്‍റേയും നേതൃത്വത്തിൽ പരിശോധന നടത്തും.
sdfdsfdfs