സർക്കാരിന്റെ ശമ്പളം വാങ്ങി എകെജി സെന്ററിലെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കരുത്; ഷാഫി പറന്പിൽ വിഷയത്തിൽ പോലീസിനോട് വിഡി സതീശൻ

ശാരിക
തിരുവനന്തപുരം l സിപിഎം ക്രിമിനലുകളും അവർക്ക് ഒത്താശ ചെയ്യുന്ന കേരള പൊലീസിലെ ഗുണ്ടകളും ചേർന്നാണ് ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തന്നെ ഷാഫിയേയും പരിക്കേറ്റ മറ്റുള്ളവരേയും സൈബറിടങ്ങളിലും അല്ലാതെയും കേട്ടാലറക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുകയാണ്. ഇതൊന്നും കൊണ്ട് പോരാട്ട വീര്യത്തെ തകർക്കാനാകില്ലെന്ന് വിഡി സതീശൻ ആഞ്ഞടിച്ചു.
'പൊലീസ് ഒന്നും ചെയ്തില്ല, ലാത്തിയിൽ തൊട്ടിട്ടേയില്ല എന്നൊക്കെയാണ് കോഴിക്കോട് റൂറൽ എസ്പി അടക്കമുള്ളവർ ഇന്നലെ പറഞ്ഞത്. പച്ചകള്ളം പൊളിക്കുന്ന ദൃശ്യങ്ങളിതാണ്. ഷാഫിയെ ആക്രമിച്ചത് ബോധപൂർവമാണ്. ഇത് കൊണ്ടൊന്നും അയ്യപ്പൻ്റെ സ്വർണം കട്ട കേസ് ഇല്ലാതാകില്ല. അഴിമതിയും കൊള്ളയും ജന മനസുകളിൽ മായാതെ നിൽക്കും.
രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അവരോടാണ് പറയുന്നത്, സർക്കാരിന്റെ ശമ്പളം വാങ്ങി എകെജി സെൻ്ററിലെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കരുത്. പ്രത്യാഘാതം ഗുരുതരമായിരിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലന്നത് മറക്കരുത്'- വിഡി സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പേരാമ്‌പ്രയിൽ യുഡിഎഫ് എൽഡിഎഫ് പ്രകടനം മുഖാമുഖം വന്നതിനെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിലാണ് ഷാഫി പറമ്‌പിൽ എം.പിയുടെ മൂക്കിന് ഗുരുതര പരിക്കേറ്റത്. മൂക്കിലെ രണ്ട് എല്ലുകൾ തകർന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫിയ്ക്‌ക് ഇന്ന് ശസ്ത്രക്രിയ നടത്തി. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡൻ്റ് കെഎം അഭിജിത്ത് എന്നിവരടക്കം 10 യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിനിടെ ചില പൊലീസുകാർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം പേരാമ്പ്ര സികെജി കോളേജിൽ ചെയർമാൻ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിൻ്റെ ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ആഹ്ലാദ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്നലെ നടത്തിയ ഹർത്താലിനിടെ എൽഡിഎഫ് ഭരിക്കുന്ന പേരാമ്‌പ്ര പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു.
േിേി