മലയാളികളിൽ സമ്പന്നനായി ജോയ് ആലുക്കാസ്; രണ്ടാമതായി യൂസുഫലി

ഷീബ വിജയൻ
കൊച്ചി I മലയാളികളിൽ സമ്പന്നനായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ഫോബ്സിന്റെ റിയൽ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം 566ാം സ്ഥാനത്താണ് ജോയ് ആലുക്കാസുള്ളത്. 6.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ 749ാം സ്ഥാനത്തുള്ള എം.എ യൂസുഫലിയാണ് പട്ടികയിലെ രണ്ടാമത്തെ മലയാളി. 5.4 ബില്യൺ ഡോളറാണ് ലുലു ഗ്രൂപ്പ് ചെയർമാനായ എം.എ യൂസുഫ് അലിയുടെ ആസ്തി. ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണിവർക്കിയാണ് പട്ടികയിലെ മൂന്നാമത്തെ മലയാളി. 4.0 ബില്യൺ ഡോളർ ആസ്തിയോടെ അദ്ദേഹം 998ാം സ്ഥാനത്താണ്. 3.9 ബില്യൺ ഡോളർ ആസ്തിയുടെ ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 1015ാം റാങ്കിലുണ്ട്. കല്യാൺജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ് കല്യാണരാമൻ 1102ാം റാങ്കിലുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ മറ്റൊരു മലയാളി. മൂന്ന് ബില്യൺ ആസ്തിയോടെ 1165ാം സ്ഥാനത്താണ് ഉള്ളത്. കെയ്ൻസ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണനാണ് മൂന്ന് ബില്യൺ ഡോളർ ആസ്തിയോടെ 1322ാം സ്ഥാനത്ത്.
അതേസമയം ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കിന് നഷ്ടം. വൻകിട ഐ.ടി കമ്പനിയായ ഒറാക്കിളിന്‍റെ സഹസ്ഥാപകൻ ലാറി എലിസണാണ് ബ്ലൂംബെർഗ് ബില്യണയർ പട്ടികയിൽ മസ്കിനെ പിന്തള്ളിയത്. ഒറാക്കിൾ കോർപറേഷന്‍റെ ഓഹരിവില കുതിച്ചുയർന്നതോടെ ലാറി എലിസന്‍റെ ആസ്തി 393 ബില്യൺ ഡോളറായി ഉയരുകയായിരുന്നു. 385 ബില്യൻ ഡോളറാണ് മസ്കിന്‍റെ ആസ്തി. ഒരു വർഷത്തോളം അതിസമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ശേഷമാണ് മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ADSAS