തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ട്യൂബ് ഉള്ളിൽ കുടുങ്ങിയെന്ന് യുവതിയുടെ പരാതി

ഷീബ വിജയൻ
തിരുവനന്തപുരം I തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചില്‍ 50 സെന്‍റീമീറ്റര്‍ നീളം വരുന്ന ട്യൂബ് കുടുങ്ങിയതായി കാണിച്ച് ബന്ധുക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകി. ശ്വാസംമുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂബ് കണ്ടെത്തിയത്. 2023 മാര്‍ച്ചില്‍ കാട്ടാക്കട മലയിന്‍കീഴ് സ്വദേശിനി സുമയ്യക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവെന്നാണ് ആരോപണം. നിലവില്‍ ഡോക്ടര്‍ കൈയൊഴിഞ്ഞ സ്ഥിതിയെന്ന് സുമയ്യ ആരോപിച്ചു. നടക്കാന്‍ ബുദ്ധിമുട്ടും ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട് എന്ന് സുമയ്യ പറയുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. 50 സെന്‍റീ മീറ്റർ നീളമുള്ള ട്യൂബാണ് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതെന്നും ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു.
രണ്ടുവർഷം മുൻപ് ജനറൽ ആശുപത്രിയിൽ തൈറോയ്‌ഡിന്‍റെ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ ട്യൂബ് കുടുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്‌സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയതെന്നും ഇക്കാര്യം അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഒഴിഞ്ഞുമാറിയെന്നും യുവതി ആരോപിക്കുന്നു. ട്യൂബ് നെഞ്ചിൽ ഒട്ടിപ്പോയി. എടുത്ത് മാറ്റാൻ പ്രയാസമാണ്. ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്ന് ഡോക്‌ടർ പറഞ്ഞതായും യുവതി വെളിപ്പെടുത്തി. ഇതിനിടെ പിഴവ് അംഗീകരിക്കുന്ന ഡോക്ടറുടേതെന്ന് പറയുന്ന ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. വിഷയത്തിൽ ഡിഎംഒ ആശുപത്രി അധികൃതരോട് വിശദീകരണം തേടി.
ADSDFSDSAFDS