ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളെയെല്ലാം വെറുതെ വിട്ടു; സി.ബി.ഐക്ക് വീഴ്ച പറ്റിയെന്ന് ഹൈകോടതി

ഷീബ വിജയൻ
കൊച്ചി തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് ഹൈകോടതി. അന്വേഷണത്തിൽ സി.ബി.ഐക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്. കേസിൽ ഒന്നാം പ്രതിക്ക് സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈകോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. 2018ലാണ് സി.ബി.ഐ കോടതി കേസിൽ രണ്ടു പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. അഞ്ചു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്റ്റംബർ 27ന് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്‍റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയിൽ ജോലിക്കാരനായിരുന്നു ഉദയകുമാർ. ഉച്ചക്ക് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ക്രൂരമായ മർദനങ്ങൾക്ക് ഇരയായി രാത്രി എട്ടുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉരുട്ടിക്കൊലയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. രാഷ്ട്രീയമായി ആ കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ആഗസ്റ്റിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. പൊലീസുകാരായിരുന്ന കെ. ജിതകുമാർ, എസ്.വി. ശ്രീകുമാർ, ഡിവൈ.എസ്.പിയായ അജിത് കുമാർ, മുൻ എസ്.പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികൾ. ഇതിൽ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി 2018ൽ വധശിക്ഷ വിധിച്ചു. ഇതിൽ ശ്രീകുമാർ 2020ൽ മരിച്ചു. നിയമപോരാട്ടങ്ങൾക്കൊടുവിൽ 13 വർഷത്തിനു ശേഷം 2018ലാണ് പൊലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്.
DSWADSADSA