എല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നത് ; വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിൽ വി.ഡി. സതീശൻ

ഷീബ വിജയൻ
തിരുവനന്തപുരം I വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയൻ പറഞ്ഞുകൊടുക്കുന്നതാണ് വെള്ളാപ്പള്ളി നടേശൻ പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പരാമർശങ്ങളിൽ നിന്ന് സമുദായ നേതാക്കൾ പിൻമാറണം. ഇത് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് യോജിച്ചതല്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരുവിൽ വിശ്വസിക്കുന്നവരാണ് കേരള ജനത. അദ്ദേഹം പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ദൗർഭാഗ്യവശാൽ ജനറൽ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ശ്രീനാരാഗണ ഗുരു പറയാൻ പാടില്ല എന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ നരേറ്റീവാണ്. അദ്ദേഹം ഡൽഹിയിൽ പി.ആർ. ഏജൻസികളെ കൊണ്ട് പറയിപ്പിച്ചതും ഹിന്ദുവിന് ഡൽഹിയിൽ നിന്ന് കൊടുത്ത അഭിമുഖത്തിലും മലപ്പുറത്തിനെതിരെ പറഞ്ഞത് കേരളം കണ്ടതാണ്. കേരളത്തിലെ സി.പി.എം നേതാക്കൾ മലപ്പുറത്തിനെതിരെ വ്യാപകമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ കുറിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും പറഞ്ഞത് എല്ലാവരും കേട്ടതാണ്. ഇവർക്കെല്ലാം ഒരേ നരേറ്റീവാണ്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞുപറയിപ്പിക്കുന്നതാണെന്നും വി.ഡി. സതീശൻ വിമർശിച്ചു.
EFRAEER