പേവിഷ ബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു

പേവിഷ ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. പത്തനാപുരം സ്വദേശിയായ നിയ ഫൈസല്‍ ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. ഏപ്രില്‍ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു. പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് നിയ.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കേണ്ടെന്നാണ് തീരുമാനം. പൊതുദർശനവുമുണ്ടാകില്ല. കുട്ടിയുടെ അമ്മയ്ക്ക് ക്വാറന്റൈൻ നിർദേശം നല്‍കിയിട്ടുണ്ട്. പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലാകും ഖബറടക്കം.
സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി അധികൃതർ. നിയയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയെന്ന് ഡോക്ടർ ബിന്ദു പറഞ്ഞു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുട്ടിയ്ക്ക് പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദമാക്കി.
തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് ഉണ്ടായത് വലിയ പരുക്ക് ആയിരുന്നു. വിഷയത്തിൽ ആരും ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല. ആരും അങ്ങനെ നിർദേശിക്കാറില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വാക്സിൻ ഫലപ്രദമാണെന്നാണ് നടത്തിയ പഠനത്തിലെയും കണ്ടെത്തലെന്ന് ജോയിന്റെ ഡിഎംഇ ഡോക്ടർ വിശ്വനാഥ് പറഞ്ഞു. അതിനാൽ വാക്സിനിൽ സംശയമില്ല. പഠനത്തിൽ ഇത് കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ സ്റ്റോറേജ് അടക്കം പരിശോധിച്ചാണ് റിപ്പോർട്ടെന്ന് അദേഹം പറഞ്ഞു.
aasasd