പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു


സാക്ഷരതയുടെയും സാമൂഹിക സേവനത്തിന്‍റെയും മുഖമുദ്രയായ പത്മശ്രീ കെ.വി. റാബിയ (59) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ‍യായിരുന്നു അന്ത്യം. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്.

14 വയസിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് പഠനം നിർത്തേണ്ടി വന്ന റാബിയ പിന്നീട് ഏറെ പണിപ്പെട്ടാണ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. സഹപാഠികളും അധ്യാപകരും കോളേജിലെ ജീവനക്കാരും തുണച്ചതു കൊണ്ടുമാത്രമാണ് രണ്ടു വർഷം പഠിക്കാനായത്. പഠിപ്പു നിർത്തിയ ശേഷം പത്ത്, പതിനാറ് വർഷം റാബിയ വീട്ടിൽ നിന്നു പുറത്തു പോയതേയില്ല.

പുസ്തകങ്ങളായിരുന്നു കൂട്ട്. തനിക്കറിയാവുന്ന വിഷയങ്ങൾ കുട്ടികളെ പഠിപ്പിച്ചു. ട്യൂഷൻ ക്ലാസുകൾ തുടങ്ങി. വീൽചെയറിലിരുന്ന് സ്കൂൾ വിദ്യാർഥികൾക്കും പ്രീഡിഗ്രിക്കാർക്കും ക്ലാസെടുത്തു. താൻ പഠിപ്പിച്ച കുട്ടികൾ സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിവരം നാട്ടിലുള്ളവർ അറിഞ്ഞു തുടങ്ങിയപ്പോൾ അധ്യാപകരും രക്ഷിതാക്കളും ബന്ധുക്കളും അയൽക്കാരുമെല്ലാം റാബിയയെ കാണാൻ എത്തിത്തുടങ്ങി. അങ്ങനെ റാബിയ എല്ലാവരുടെയും 'റാബിയാത്ത'യായി.

ശരീരം തളർന്ന് വീട്ടിൽ ഒതുങ്ങി കൂടിയ റാബിയയെ പിന്നീട് നാടറിയുന്നത് സാക്ഷരതാ യജ്ഞ കാലത്താണ്. 1990കളിൽ നൂറോളം വരുന്ന മുതിർന്നവർക്ക് അക്ഷരം പകർന്നു നൽകി സംസ്ഥാന സർക്കാറിന്‍റെ സാക്ഷരതാ യജ്ഞത്തിന്‍റെ ഭാഗമായി. സാക്ഷരതാ യജ്ഞത്തെ ജനകീയമാക്കാൻ റാബിയായുടെ ഇടപെടൽ സഹായിച്ചു.തുടർന്ന് റാബിയ സാക്ഷരതാ യജ്ഞത്തിന്‍റെ മുഖമായി മാറി. ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ സ്കൂളുകൾ, സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള സ്ഥാപനം, 'ചലനം ചാരിറ്റബിൾ സൊസൈറ്റി' എന്ന സംഘടന എന്നിവയുടെ രൂപീകരണത്തിന് പ്രധാന പങ്ക് വഹിച്ചു.

അക്ഷരഹൃദയം, മൗനനൊമ്പരങ്ങൾ, സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾക്ക് 2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. കേന്ദ്ര സർക്കാറിന്‍റെ ദേശീയ യുവ പുരസ്കാരം, സംസ്ഥാന സർക്കാറിന്‍റെ വനിതരത്‌നം അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, സീതി സാഹിബ് അവാർഡ്, യൂനിയൻ ചേംബർ ഇന്റർനാഷനൽ അവാർഡ്, നാഷനൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, ഐ.എം.എ അവാർഡ്, കണ്ണകി സ്ത്രീശക്തി അവാർഡ്, ജെ.സി.ഐയുടെ അന്താരാഷ്ട്ര പുരസ്കാരം അടക്കമുള്ളവ ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വെള്ളിലക്കാട് മൂസക്കുട്ടി ഹാജിയുടെയും ബിയാച്ചുട്ടി ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: ബങ്കാളത്ത് മുഹമ്മദ്.

article-image

asdasd

You might also like

Most Viewed