വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ലെന്ന് സൂചന

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ലെന്ന് സൂചന. ജനാധിപത്യ മര്യാദ കാറ്റിൽ പറത്തി ഉമ്മൻ ചാണ്ടി സർക്കാർ യാഥാർഥ്യമാക്കിയ പദ്ധതിയുടെ കമ്മീഷനിംഗിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ചടങ്ങ് കോണ്‍ഗ്രസ് വിവാദമാക്കിയതിനു പിന്നാലെ മന്ത്രി വി.എൻ. വാസവന്‍റെ ഓഫീസിൽനിന്നു പ്രതിപക്ഷ നേതാവിന് കത്ത് എത്തിയിരുന്നു. എന്നാൽ, വിവാദം തണുപ്പിക്കാൻ പേരിന് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചതാണ് സർക്കാർ ചെയ്തതെന്നും ഇതിനു നിന്നു കൊടുക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പൊതു നിലപാട്.
സതീശൻ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും. ഉച്ചയോടെ മന്ത്രിയുടെ ദൂതൻ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിച്ച കത്തിൽ രണ്ടു വാചകങ്ങൾ മാത്രമാണ് ഉള്ളത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗ് പ്രധാനമന്ത്രി മേയ് രണ്ടിന് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അങ്ങയുടെ മഹനീയ സാന്നിധ്യം ചടങ്ങിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചടങ്ങിൽ പ്രതിപക്ഷ നേതാവിന്‍റെ റോൾ എന്താണെന്നു കത്തിൽ വ്യക്തമാക്കിയിട്ടില്ല. വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിന്‍റെ വേദിയിലാണോ സദസിലാണോ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനമെന്നു വ്യക്തമായ ശേഷമേ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചത്.
dfxdssa